കവിയെ കുറിച്ച്
വിഷ്ണു നാരായണൻ നമ്പൂതിരി മലയാള സാഹിത്യത്തിലെ പരക്കെ അംഗീകരിക്കപ്പെട്ട, പ്രശസ്തനായ കവികളിൽ ഒരാളാണ്.
ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സാഹിത്യം, തത്ത്വചിന്ത എന്നിവയിൽ പണ്ഡിതനായ അദ്ദേഹത്തിന്റെ കവിതകൾ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മിശ്രിതത്തിന് പേരുകേട്ടതാണ്. മലയാള സാഹിത്യത്തിന് അദ്ദേഹം നൽകിയ അവിസ്മരണീയമായ സംഭാവന,പഴമയെ നമിച്ചുകൊണ്ടുതന്നെ, ആധുനികതയെ ആശ്ലേഷിക്കുന്ന അദ്ദേഹത്തിന്റെ ദർശനം തന്നെയാണ്.
32 വർഷങ്ങളോളം കേരളത്തിലെ നിരവധി പ്രശസ്ത കലാലയങ്ങളിൽ ആംഗലേയ സാഹിത്യ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വകുപ്പദ്ധ്യക്ഷനായി വിരമിച്ചു.
അദ്ധ്യാപകൻ എന്ന നിലയിൽ 2014-ലെ പത്മശ്രീ, സാഹിത്യപ്രവർത്തനങ്ങൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി അനേകം ബഹുമതികളും പുരസ്കാരങ്ങളും വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.
1959ൽ തന്റെ ഇരുപതാം വയസ്സിൽ വിവാഹിതനായ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പത്നി, ശ്രീമതി. സാവിത്രി അന്തർജനം. അദ്ദേഹത്തിന് രണ്ടു പെൺമക്കളും മൂന്നു പേരക്കുട്ടികളും ഉണ്ട്.
ബാല്യം (മുൻകാല ജീവിതം)
വിഷ്ണു നാരായണൻ നമ്പൂതിരി 1939 ജൂൺ 2 ന് തിരുവല്ലയിലെ പെരിങ്ങോൾ എന്ന സ്ഥലത്ത്, ശീരവള്ളി ഇല്ലത്ത് ജനിച്ചു. തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ ഹൈസ്കൂളിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പരമ്പരാഗത നമ്പൂതിരി കുടുംബത്തിൽ ജനിച്ചു വളർന്നതിനാൽ കുട്ടിക്കാലത്ത് പിതാവിൽ നിന്നും മുത്തച്ഛനിൽ നിന്നും അദ്ദേഹം വൈദികവും മതപരവുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭ്യാസിച്ചു. അവയിലെ നന്മ ഉൾക്കൊണ്ടു വളർന്നു. മുത്തച്ഛൻ സംസ്കൃതത്തിന്റെ ആദ്യപാഠങ്ങൾ നൽകി, അദ്ദേഹത്തെ മഹാകാവ്യങ്ങളുടെ ലോകത്തേക്ക് ആനയിച്ചു.
പിതാവിന്റെ അമ്മാവനായ ദ്വിവേദി വിഷ്ണു ശർമ്മ അദ്ദേഹത്തിന് വൈദിക സംസ്കാരത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകി. വിഷ്ണു നാരായണൻ നമ്പൂതിരി അദ്ദേഹത്തെ ഗുരുവായി അംഗീകരിക്കുന്നു.
വിദ്യാഭ്യാസം
1958-ൽ ചങ്ങനാശേരി സെന്റ് ബെർഗ്‌മാൻസ് കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കോളേജിൽ ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തു. സംസ്‌കൃതവും വേദവാക്യങ്ങളും പൂർണതയോടെ മനഃപാഠമാക്കാനുള്ള അസാമാന്യമായ കഴിവിന് വിഷ്ണു നാരായണൻ നമ്പൂതിരിയെ പ്രശസ്ത പ്രൊഫസറും ഇംഗ്ലീഷ് വിഭാഗം മേധാവിയും ആയ പ്രൊഫ. സി എ ഷെപ്പേർഡ് അഭിനന്ദിക്കാറുണ്ടായിരുന്നു. ഇംഗ്ലീഷും പാശ്ചാത്യ സാഹിത്യവും ഗൗരവമായി പഠിക്കാൻ വിഷ്ണു നാരായണൻ നമ്പൂതിരിയെ പ്രോത്സാഹിപ്പിച്ചത് പ്രൊഫ. സി എ ഷെപ്പേർഡാണ്.
ബിരുദപഠനത്തിനു ശേഷം 2 വർഷം കേരളത്തിലെ തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ ഹൈസ്കൂളിൽ സയൻസ് അധ്യാപകനായി ജോലി ചെയ്തു.
1960-ൽ കോഴിക്കോട് സെന്റ് ജോസഫ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. കോഴിക്കോട് ദേവഗിരി കോളേജ് എന്നറിയപ്പെടുന്ന സെന്റ് ജോസഫ്സ് കോളേജിലെ ഡോ. എ ശിവരാമസുബ്രഹ്മണ്യ അയ്യരുടെ വിദ്യാർത്ഥിയെന്ന നിലയിൽ അദ്ദേഹം എപ്പോഴും അഭിമാനിക്കാറുണ്ട്. 1962-ൽ വിഷ്ണു നാരായണൻ നമ്പൂതിരി ക്ലാസിൽ ടോപ്പറായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
“കവിത മനുഷ്യമനസ്സിൽ ശാന്തത സൃഷ്ടിക്കുകയും അതുവഴി ഒരാളെ ‘കർമ’ത്തിലേക്ക് നയിക്കുകയും ചെയ്യേണ്ട ഒന്നാണ്. മാനസിക സംഘർഷവും വേദനയും ഉണർത്തുന്ന ഒന്നും കവിതയല്ല.
- വിഷ്ണു നാരായണൻ നമ്പൂതിരി
കരിയർ
ബിരുദപഠനത്തിനു ശേഷം 2 വർഷം കേരളത്തിലെ തിരുവല്ല പ്രിൻസ് മാർത്താണ്ഡ വർമ്മ ഹൈസ്കൂളിൽ സയൻസ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
1961 മുതൽ 1963 വരെ കോഴിക്കോട് ക്രിസ്ത്യൻ കോളേജിലും പിന്നീട് കൊല്ലം എസ്.എൻ. കോളേജിലും ഇംഗ്ലീഷ് ട്യൂട്ടറായി ജോലി ചെയ്തു.
1963ൽ, ഇംഗ്ലീഷ് അദ്ധ്യാപകനായി, പട്ടാമ്പി സംസ്കൃത കോളേജിൽ നിയമനം ലഭിക്കുന്നു. തുടർന്ന്, 32 വർഷങ്ങളോളം കേരളത്തിലെ നിരവധി പ്രശസ്ത കലാലയങ്ങളിൽ ആംഗലേയ സാഹിത്യ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ നിന്ന് വകുപ്പദ്ധ്യക്ഷനായി വിരമിച്ചു.
അദ്ധ്യാപകൻ എന്ന നിലയിൽ 2014ൽ, ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
WhatsApp us